ഒരു സുഹൃത്ത് സ്നേഹത്തോടെ സമ്മാനിച്ച “കറ”എന്ന സാറാ ജോസഫിൻ്റെ പുസ്തകം വായിച്ചു തീർത്തു. കുറേ ദിവസങ്ങളായി നാലു ചുവരുകൾക്കുള്ളിൽ ഒന്നും ചെയ്യാനാവാതെ കുടുങ്ങിപ്പോയത് കൊണ്ടാവും പണ്ടു കോളജ് കാലഘട്ടം വരെ ഞാനാസ്വദിച്ചിരുന്ന വായനയുടെ ലഹരിയിലേയ്ക്ക് വളരെ വേഗം പൊരുത്തത്തിലായത്.

sara joseph's kara

മലയാളത്തിൻ്റെ ആദ്യത്തെ എപ്പിക് നോവലായ “കറ” മനുഷ്യ ചരിത്രത്തിൻ്റെ ഇതുവരെയുള്ള നനമ തിന്മകളുടെ യുദ്ധത്തെ കുറിച്ച് വിശദമാക്കുന്നു. അതിരുകൾ ഭേദിച്ച് പോകുന്ന ഒരു ജനതയുടെ മനസ്സിൽ വീണ “കറ” നമ്മുടെ മനസ്സിൽ കാലാകാലങ്ങളായി അടിഞ്ഞു കൂടിയ കറയേയും പ്രതിനിധീകരിക്കുന്നുവെന്നു തോന്നി. മിത്തുകളിലൂടെയും കഥകളിലൂടെയും പ്രപഞ്ച നീതിയെന്തെന്ന ചോദ്യമുണർത്തുന്ന ഒരു കൃതി.

ആണും പെണ്ണും എന്ന രണ്ടു വർഗ്ഗത്തിൽ നിന്ന് മാതാപിതാക്കളുമായി ,സഹോദരങ്ങളുമായി ലൈംഗിക വേഴ്ചയിൽ ഏർപ്പെടാനോ,സന്താനങ്ങളെ ഉത്പാദിപ്പിക്കാനോ പാടില്ല എന്ന കുടുംബ വ്യവസ്ഥിതിയിലേക്ക് വിശ്വാസത്തെ പ്രമാണമാക്കികൊണ്ട് നടത്തുന്ന യുദ്ധങ്ങൾ വല്ലാതെ ശ്വാസം മുട്ടിച്ചു.

പുസ്തകം താഴെ വച്ചിട്ടും നെഞ്ചിൽ നിന്നിറങ്ങിപ്പോകാതെ കൂരമ്പുകൾ പോലെ തുളച്ചിറങ്ങുന്ന ആയിരമായിരം ചോദ്യങ്ങൾ…? ഉള്ളിൽ കറ പോലെ പറ്റിയ കുറെയധികം വാക്യങ്ങൾ…

നന്മയ്ക്കും തിന്മയ്ക്കും മേലുള്ള ദൈവനീതിയെന്ത്?,നന്മ ചെയ്യുന്നവരെ അവരുടെ ദൈവം എന്നും സംരക്ഷിക്കുമോ? ,തിന്മകൾ ചെയ്യുന്നവരെ ശിക്ഷിക്കുമോ? വിശ്വാസികളും കഷ്ടപ്പെടുന്നതെന്ത്? ചിലർ എത്ര ശ്രമിച്ചിട്ടും തോറ്റു തോറ്റു ആത്മപീഡയാൽ മരിക്കുന്നതെന്ത്? അങ്ങനെ എത്രയെത്ര ചോദ്യങ്ങൾ…

ഇഷ്ട വാക്യങ്ങളിൽ ചിലത്…..

“എൻ്റെ കല്ലറയിൽ വന്നു നിന്ന് എന്നെയോർത്ത് കരയരുത്,അവിടെ ഞാനില്ല”.

“ഹൃദയം നിറയെ ഇരുട്ടായിരിക്കുമ്പോഴും “പ്രതീക്ഷിക്കൂ ” “പ്രതീക്ഷിക്കൂ “. എന്നതു പറഞ്ഞുകൊണ്ടിരിക്കും….

വായന കഴിഞ്ഞിട്ടും അതു തന്ന വിങ്ങൽ മാറുന്നില്ല.

(ഡോ. രാജി. വി. ആർ)